പാലക്കാട്: തനിച്ച് താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. പഴനിയിലെ ലോഡ്ജില്‍ നിന്നാണ് ആലത്തൂര്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാടൂര്‍ പൊരുളിപ്പാടം സുരേഷാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിനു പുലര്‍ച്ചെ 3ന് കാവശ്ശേരി പാടൂരില്‍ പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചു കയറിയാണ് ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇവരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ജാമ്യമില്ലാ വകുപ്പുപ്രകാരം സുരേഷിനെതിരെ കേസെടുത്തിരുന്നു.

സെബര്‍ സെല്ലിന്റെ സഹായത്തോടെയാണു സുരേഷിനെ പഴനിയില്‍ നിന്നു പിടികൂടിയത്. രാത്രിയില്‍ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും വയറുവേദന അനുഭവപ്പെടുന്നുവെന്നു പറഞ്ഞതിനെ തുടര്‍ന്ന് ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡിലിരുന്ന് പരസ്യമായി മദ്യപിച്ചതിനു ശേഷമാണ് വയോധികയെ ആക്രമിച്ചതെന്നു പൊലീസ് പറഞ്ഞു. ഡെിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് നശിപ്പിച്ചതിനും ഇയാളുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.