കൊല്ലം: കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ അന്യ സംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു. തെന്മല ഒറ്റക്കല്‍ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയവരാണ് ഒഴുക്കില്‍പ്പെട്ടത്. ആറ്റിലെ പാറക്കെട്ടില്‍ പിടികിട്ടിയതിനാലാണ് ഇവര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ചെന്നൈയില്‍ നിന്നും എത്തിയ കല്ലടയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയത്. തീര്‍ത്ഥാടകരായ നിരവധി ആളുകളാണ് ഇവിടെ കുളിക്കാന്‍ ഇറങ്ങാറുള്ളത്. നിരവധിപേര്‍ മുങ്ങിമരിച്ചിട്ടുള്ള സ്ഥലത്തിനടുത്താണ് ഇന്നും അപകടമുണ്ടായത്.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ചെന്നൈയില്‍ നിന്നുള്ള സംഘം ഒറ്റക്കല്‍ റെയില്‍വേ പാലത്തിന് സമീപം കല്ലടയാറ്റില്‍ കൈകാലുകള്‍ കഴുകാനായി ഇറങ്ങിയത്. ഈ സമയത്ത് ആറ്റില്‍ ഒഴുക്ക് വളരെ കൂടുതലായിരുന്നു. പുഴയുടെ സ്വഭാവം അറിയാതെ വെള്ളത്തിലിറങ്ങിയ ഇരുവരും പെട്ടെന്ന് തന്നെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ഭക്തര്‍ കുറച്ചുദൂരം മുന്നോട്ട് നീങ്ങിയെങ്കിലും പുഴയുടെ നടുവിലുണ്ടായിരുന്ന വലിയ പാറക്കെട്ടുകളില്‍ മുറുകെ പിടിക്കാന്‍ സാധിച്ചത് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു. ഒഴുക്കിനെ പ്രതിരോധിച്ച് പാറയില്‍ പിടിച്ചുനിന്ന ഇവരെ മറ്റു ഭക്തരുടെ സഹായത്തോടെ ആണ് സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.

അപകട സൂചന ബോര്‍ഡുകള്‍

അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചാണ് പലരും ഇറങ്ങുന്നത്. നദിയിലിറങ്ങാതിരിക്കാന്‍ സ്ഥാപിച്ച സുരക്ഷാ വേലിയുടെ പൂട്ടും ചിലര്‍ തകര്‍ത്തു. ഇതോടെയാണ് ആളുകള്‍ക്ക് ഇവിടെ ഇറങ്ങാന്‍ സൗകര്യമായത്. പൂട്ടുകള്‍ പുനസ്ഥാപിക്കുന്നതിനൊപ്പം പൊലീസ് വാര്‍ഡനെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്.