പത്തനംതിട്ട: മല്ലപ്പള്ളിയില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും (MDMA) കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി. പെരുമ്പെട്ടി വെള്ളയില്‍ മേമന വീട്ടില്‍ സാജു ജോണ്‍ തോമസ് (25), കൊറ്റനാട് കാവില്‍ വീട്ടില്‍ പ്രശാന്ത് ചന്ദ്രന്‍ (36) എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പത്തനംതിട്ട എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പെരുമ്പെട്ടി വില്ലേജില്‍ ജെയിംസ് എം. തോമസിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

പ്രതികളില്‍ നിന്ന് 2.047 ഗ്രാം എംഡിഎംഎയും 13 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് (NDPS) നിയമത്തിലെ വിവിധ വകുപ്പുകള്‍ (22(b), 20(b)(ii)(B), 29) പ്രകാരം കേസെടുത്തു. ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണോ ഇവരെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി. ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീആനന്ദ്, ജിതിന്‍ എന്‍, അജിത് എം.കെ, നിതിന്‍ ശ്രീകുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുബലക്ഷ്മി, ഡ്രൈവര്‍ വിജയന്‍ എന്നിവരും ഐബി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ് കുമാര്‍, ബിജു എ.പി എന്നിവരും പങ്കെടുത്തു.