തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേഗത്തിലാക്കി. ഏപ്രില്‍ രണ്ടാം വാരത്തോടെ കേരളത്തില്‍ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി ആദ്യവാരം കേരളത്തിലെത്തും.

2021-ലേതിന് സമാനമായി കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷന്റെ ആലോചന. തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാകും കേരളവും ജനവിധി തേടുക. ഗ്യാനേഷ് കുമാറിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംസ്ഥാനത്തെത്തും. വോട്ടര്‍ പട്ടിക പുതുക്കല്‍, ഇവിഎം (EVM) പരിശോധന, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഇവര്‍ നേരിട്ട് വിലയിരുത്തും. അര്‍ഹരായ എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ഫെബ്രുവരി 21-ന് നടക്കും.