മലപ്പുറം: വണ്ടൂര്‍ അമ്പലപ്പടിയില്‍ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് രണ്ട് പവന്‍ സ്വര്‍ണ്ണ വളകള്‍ മുറിച്ചെടുത്ത കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയുടെ സൂത്രധാരനായ അമ്പലപ്പടി സ്വദേശി പടിഞ്ഞാറേ മണ്ടാവില്‍ ജിജേഷ് (39), ഇയാളുടെ ഭാര്യസഹോദരന്മാരായ പാലാംപറമ്പത്ത് നിധിന്‍ (30), നിഖില്‍ (28) എന്നിവരെയാണ് വണ്ടൂര്‍ സിഐ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 22-നായിരുന്നു അമ്പലപ്പടി ബൈപ്പാസില്‍ താമസിക്കുന്ന പരേതനായ വിമുക്തഭടന്‍ വിജയകുമാറിന്റെ ഭാര്യ ചന്ദ്രമതി (63) കവര്‍ച്ചയ്ക്കിരയായത്.

ജിജേഷിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനായിട്ടാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. ഓട്ടോ ഡ്രൈവറായ ജിജേഷ് മുന്‍പ് പലപ്പോഴും ചന്ദ്രമതിയുടെ വീട്ടില്‍ ട്രിപ്പുകള്‍ പോയിരുന്നതിനാല്‍ അവര്‍ തനിച്ചാണെന്നും സ്വര്‍ണ്ണമുണ്ടെന്നും മനസ്സിലാക്കിയിരുന്നു. ഇതിനായി എറണാകുളത്ത് ജോലി ചെയ്തിരുന്ന നിഖിലിനെ ജിജേഷ് നാട്ടിലേക്ക് വിളിച്ചുവരുത്തി. സംഭവ ദിവസം രാത്രി വീടിന്റെ പിന്‍വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി പുറത്തിറങ്ങിയ ചന്ദ്രമതിയെ മങ്കി ക്യാപ്പ് ധരിച്ചെത്തിയ സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. ജിജേഷ് വായ പൊത്തിപ്പിടിക്കുകയും നിധിന്‍ കട്ടര്‍ ഉപയോഗിച്ച് വളകള്‍ മുറിച്ചെടുക്കുകയുമാണ് ചെയ്തത്. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടി വിതറിയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തുമാണ് ഇവര്‍ കടന്നുകളഞ്ഞത്.

പ്രദേശത്തെ മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജിജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് മോഷണമുതലുമായി എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന നിഖിലിനെയും സംഘം പിടികൂടുകയായിരുന്നു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. അബ്രഹാമിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തില്‍ എസ്‌ഐമാരായ ഓ. വാസുദേവന്‍, വി.കെ. പ്രദീപ് എന്നിവരടക്കം നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.