ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമോഹ ജില്ലയില്‍ റീല്‍സ് കാണുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പത്ത് വയസുകാരന്‍ മരിച്ചു. ജുഝേല സ്വദേശിയായ മായങ്ക് (10) ആണ് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്. കുട്ടിയുടെ മരണം ഗ്രാമത്തെയും കുടുംബത്തെയും കടുത്ത ഞെട്ടലിലാഴ്ത്തി.

വീട്ടിലെ കട്ടിലിലിരുന്ന് സ്മാര്‍ട്ട് ഫോണില്‍ റീല്‍സ് കണ്ടിരുന്ന മായങ്ക് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം വീട്ടുകാര്‍ മറ്റ് തിരക്കുകളിലായിരുന്നു. മായങ്ക് വീണതുകണ്ട ഉടന്‍തന്നെ കുടുംബാംഗങ്ങള്‍ അടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് ധനൗരയിലെ സ്വകാര്യ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. നാഡീമിടിപ്പും രക്തസമ്മര്‍ദവുമുള്‍പ്പെടെ പരിശോധിച്ച ഡോക്ടര്‍മാര്‍ മായങ്കിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ വീട്ടിലെത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്തിയതിനാല്‍ മരണകാരണം കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, മായങ്ക് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. ഇത്ര ചെറുപ്രായത്തില്‍ ഹൃദയാഘാതമുണ്ടായതിന്റെ കാരണം വ്യക്തമല്ല. കര്‍ഷകനായ ദീപക് കുമാര്‍- പുഷ്പ ദേവി ദമ്പതികളുടെ മകനാണ് മായങ്ക്. അവര്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്.

അടുത്തിടെയായി ചെറുപ്പക്കാരില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമാനമായ നിരവധി സംഭവങ്ങള്‍ രാജ്യത്തും വിദേശത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആന്ധ്രാപ്രദേശിലെ അംബേദ്കര്‍ കൊനസീമ ജില്ലയില്‍ ഒരു 14കാരി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി നല്ലമില്ലി സിരിയായിരുന്നു മരിച്ചത്. അതിനു മുമ്പ് ഒക്ടോബറില്‍ ദുബൈയില്‍ ദീപാവലി ആഘോഷത്തിനിടെ ആലപ്പുഴ മാവേലിക്കര സ്വദേശിയും ബി.ബി.എ. മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ വൈഷ്ണവ് കൃഷ്ണകുമാര്‍ (18) ഹൃദയാഘാതം മൂലം മരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ള വിദ്യാര്‍ഥിയായിരുന്നു വൈഷ്ണവ്.

കഴിഞ്ഞ ജൂലൈയില്‍ രാജസ്ഥാനിലും സമാനമായ സംഭവം നടന്നിരുന്നു. സികാറിലെ ഒരു സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ഒമ്പതു വയസുകാരി ഉച്ചഭക്ഷണത്തിന്റെ പാത്രം തുറക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ കായിക മത്സര പരിശീലനത്തിനിടെ ഒരു 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. അതേവര്‍ഷം സെപ്തംബറില്‍ യു.പി. ലഖ്നൗവിലെ സ്‌കൂളില്‍ ഒമ്പതു വയസുകാരിയായ വിദ്യാര്‍ഥിനിയും സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു.

ചെറുപ്പക്കാരില്‍ അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങള്‍ വര്‍ധിക്കുന്നത് വൈദ്യശാസ്ത്രപരമായ വിശദീകരണങ്ങളും പ്രതിരോധ നടപടികളും ആവശ്യപ്പെടുന്നുണ്ട്.