കൊല്ലം: മോഷ്ടിച്ച ബൈക്കില്‍ നാട്ടിലെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. 50 കിലോ റബര്‍ ഷീറ്റ് മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച പ്രതികളാണ് പിടിയിലായത്. കടയ്ക്കലിലാണ് സംഭവം. കൊല്ലായില്‍ മണലയം അജ്മല്‍ മനസിലില്‍ ആഷിക് ( 19 ), ചിതറ കുറക്കോട് കിളിത്തട്ട് കൊല്ലായില്‍ പുത്തന്‍വീട്ടില്‍ സജിത്ത് ( 18 ) എന്നിവരാണ് അറസ്റ്റിലായത്.

ആഷിക്കിനെ കടക്കല്‍ പൊലീസും സജിത്തിനെ പാങ്ങോട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരത്തുംമൂട് കൊച്ചു തോട്ടംമുക്കിലെ വീട്ടില്‍ നിന്നുമാണ് 50 കിലോ റബ്ബര്‍ ഷീറ്റ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചെടുത്തത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നായിരുന്നു കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ സുബിന്‍ തങ്കച്ചന്റെ നേതൃത്വത്തില്‍, എസ് ഐ മാരായ ജ്യോതിഷ് ചിറവൂര്‍, ഷിജു ടി, ശരത്, ശ്രീജിത്ത്, എസ് സി പി ഓ അഭിലാഷ്, ബിനു എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. പാങ്ങോട് പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലും പ്രതിയാണ് സജിത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.