- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനികരീതിയിലുള്ള എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറി; ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍ സിറ്റി യാത്ര ഇനി സുഖകരം
ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍ സിറ്റി യാത്ര ഇനി സുഖകരം
ഗുരുവായൂര്‍: ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍ സിറ്റി എക്സ്പ്രസിന്റെ കോച്ചുകളെല്ലാം എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) എന്നറിയപ്പെടുന്ന ആധുനികരീതിയിലേക്ക് മാറി. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ എല്‍എച്ച്ബി കോച്ചുകളാണിവ. ഇന്ത്യന്‍നിര്‍മിത ഐസിഎഫ് (ഇന്റഗ്രല്‍ കോച്ച് ഫാക്ടറി) കോച്ചുകളായിരുന്നു നേരത്തേ. അതിന്റെ രൂപവും നിറവും പാടെ മാറി. ഇതോടെ യാത്ര വളരെ സുഖകരമാകും.
വണ്ടികള്‍ വേഗത്തിലോടും എന്നതാണ് യാത്രക്കാരെ ഏറെ സന്തോഷിപ്പിക്കുന്ന പ്രത്യേകത. ഇന്റര്‍സിറ്റിയില്‍ സഞ്ചരിക്കുന്നവരില്‍ ഭൂരിപക്ഷവും ജോലിക്കാരായതിനാല്‍ അവരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് വണ്ടിയുടെ വേഗം കുടുന്നു എന്നത്. കുറഞ്ഞ ഭാരമുള്ളവയാണ് കോച്ചുകള്‍. ഓടുമ്പോള്‍ ശബ്ദം കുറവാണ്. കുലുക്കവുമുണ്ടാകില്ല. വലിയ വളവുകള്‍ തിരിയുമ്പോള്‍ വണ്ടിയുടെ വേഗം കുറയ്ക്കാതെത്തന്നെ ഓട്ടോമാറ്റിക് സംവിധാനത്തോടെ പ്രവര്‍ത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
സാങ്കേതികസൗകര്യങ്ങള്‍ കൂടുതലുള്ളതാണ് ഇതിന്റെ ബ്രേക്കിങ് സംവിധാനം. അതുകൊണ്ട് നിര്‍ത്തേണ്ട സ്റ്റേഷന് 500 മീറ്റര്‍ ദൂരെനിന്നുമാത്രം ബ്രേക്ക് പിടിച്ചാല്‍ മതി. പഴയ കോച്ചുകളാകുമ്പോള്‍ ഒരു കിലോമീറ്റര്‍ മുന്‍പേ പിടിച്ചുതുടങ്ങണം. ഇന്റര്‍ സിറ്റിക്ക് മൊത്തം 20 കോച്ചുകളാണുണ്ടായിരുന്നത്. അവ 18 എണ്ണമാക്കി ചുരുക്കുകയും ഓരോ കോച്ചിന്റെയും നീളവും സൗകര്യവും കൂട്ടുകയും ചെയ്തു. 22 മീറ്റര്‍ നീളമുണ്ടായിരുന്നത് 24 മീറ്ററാക്കി. സീറ്റുകളെല്ലാം പുത്തന്‍രീതിയിലാക്കി. ടോയ്‌ലെറ്റ് സൗകര്യങ്ങളും മികച്ചതാണ്. ദിവസവും വെളുപ്പിന് 3.20-നാണു ഗുരുവായൂരില്‍നിന്ന് ഇന്റര്‍ സിറ്റി എക്സ്പ്രസ് പുറപ്പെടുക. രാത്രി 12.30-ന് തിരിച്ചെത്തും.




