കൊച്ചി: 2026 ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെങ്കിലും കേന്ദ്ര ബജറ്റ് അവതരണ തീയതിയില്‍ മാറ്റമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ടാകും. ജനുവരി 28-ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകാനാണ് സാധ്യത. ജനുവരി 29-ന് സാമ്പത്തിക സര്‍വേയും ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റും അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 2 വരെയും നീളാനാണ് സാധ്യത.

ഈ ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രപരമായ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കും. തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ധനമന്ത്രി എന്ന നേട്ടമാണ് കാത്തിരിക്കുന്നത്. മൊറാര്‍ജി ദേശായി (10), പി. ചിദംബരം (9) എന്നിവര്‍ കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരാരും തുടര്‍ച്ചയായി ഇത്രയും തവണ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. 2017 മുതല്‍ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത് മുതല്‍, അവധി ദിനമാണെങ്കിലും കൃത്യസമയത്ത് തന്നെ ബജറ്റ് അവതരിപ്പിക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്.

ബജറ്റ് തയാറെടുപ്പുകള്‍ നോര്‍ത്ത് ബ്ലോക്കില്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. നികുതി ഇളവുകളും കാര്‍ഷിക-വ്യവസായ മേഖലകള്‍ക്കുള്ള പ്രഖ്യാപനങ്ങളും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതി തന്നെ ബജറ്റ് അവതരിപ്പിക്കുന്നത് ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനെ സഹായിക്കും.