കോഴിക്കോട്: സി.പി.എം നേതാവ് എ.കെ. ബാലന്റെ ജമാഅത്തെ ഇസ്ലാമി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രമുഖ ചിന്തകന്‍ പ്രൊഫ. എം.എന്‍. കാരശ്ശേരി രംഗത്ത്. ഒന്നും രണ്ടും മാറാട് കലാപം നടക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ഇടതുമുന്നണിക്കൊപ്പമായിരുന്നുവെന്നും ഇതിന് തെളിവ് നല്‍കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍ നിയമമന്ത്രി കൂടിയായ എ.കെ. ബാലന്‍ ചരിത്രം മറന്നുപോയതാണെന്നും അന്നത്തെ ദേശാഭിമാനി പത്രങ്ങള്‍ പരിശോധിച്ചാല്‍ സി.പി.എമ്മും ജമാഅത്തെ ഇസ്ലാമിയും തമ്മിലുണ്ടായിരുന്ന ബന്ധം വ്യക്തമാകുമെന്നും കാരശ്ശേരി ഓര്‍മ്മിപ്പിച്ചു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ എന്ന പേരില്‍ ഏതാണ്ട് പത്ത് വര്‍ഷത്തോളം സി.പി.എമ്മും ജമാഅത്തെ ഇസ്ലാമിയും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചിരുന്നു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ കാലത്തടക്കം തിരശ്ശീലയ്ക്ക് പിന്നില്‍ ഇവര്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. കമ്പ്യൂട്ടറിനെ എതിര്‍ത്ത കാലം മുതല്‍ സി.പി.എമ്മിന് ഒരു ശൈലിയുണ്ട്, തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് അവര്‍ ഒരിക്കലും സമ്മതിക്കില്ല. മാര്‍ക്‌സിസ്റ്റുകാരെ തോല്‍പ്പിക്കുന്നതല്ല, മറിച്ച് തോറ്റു എന്ന് അവരെക്കൊണ്ട് സമ്മതിപ്പിക്കുന്നതാണ് പ്രയാസമെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയും എ.കെ. ബാലനും എം.വി. ഗോവിന്ദനുമടക്കമുള്ള നേതാക്കള്‍ ഓരോ ദിവസവും പുതിയ പ്രസ്താവനകളിലൂടെ കേരളത്തില്‍ സാമുദായിക ചേരിതിരിവ് ഉണ്ടാക്കുകയാണെന്നും കാരശ്ശേരി കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിലെ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന മുറിവുകള്‍ അടുത്ത കാലത്തൊന്നും ഉണങ്ങാന്‍ പോകുന്നില്ല. മനപ്പൂര്‍വ്വം പഴയ മുറിവുകള്‍ മാന്തിപ്പൊളിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്നും കേരളത്തില്‍ മാറാട് ആവര്‍ത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് ആധാരം.