- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചു; പ്രവാസി മലയാളിക്ക് ജയിലില്‍ കഴിയേണ്ടിവന്നത് 54 ദിവസം; തലശ്ശേരി സ്വദേശിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.
താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് മാലമോഷണ കേസിലാണ് അറസ്റ്റ് ചെയ്തത്. 2018ല്‍ ഈ കേസില്‍ 54 ദിവസം താജുദ്ദീന്‍ ജയിലില്‍ കിടന്നു. പിന്നീട് കോഴിക്കോട് സ്വദേശി വത്സരാജാണ് മാലമോഷ്ടിച്ചതെന്ന് തെളിയുകയും താജുദ്ദീന്‍ കുറ്റവിമുക്തനാവുകയും ചെയ്തു. കുറ്റവിമുക്തനായ ശേഷം താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചാണ് നഷ്ടപരിഹാരം നേടിയെടുത്തത്.
ജീവിക്കാനുള്ള അവകാശത്തിന്റേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് താജുദ്ദീന്‍ പ്രതികരിച്ചു. 'പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണുള്ളത്. നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി 2019ല്‍ കോടതി ജയില്‍മോചിതനാക്കിയിരുന്നു. താനല്ല അത് ചെയ്തതെന്ന് ഹൈക്കോടതി തെളിയിച്ചുതരണം'. താജുദ്ദീന്റെ ശബ്ദമിടറി.
സന്തോഷത്തില്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്ന കുടുംബമായിരുന്നു തങ്ങളുടേതെന്നും പൊലീസിന്റെ അതിബുദ്ധി കാരണം ഉപ്പാനെ ജയിലിലടച്ചതോടെ ആ സന്തോഷത്തിന് മങ്ങലേറ്റതായും മകന്‍ തെസിന്‍ പ്രതികരിച്ചു.
'54 ദിവസമാണ് പ്രായമായ ഉപ്പ ജയിലില്‍ കിടന്നത്. പെരുന്നാളിനടക്കം ഉപ്പ ജയിലിലായിരുന്നു. തങ്ങളുടെ ഉത്തരവാദിത്തത്തില്‍ ഉപ്പയുടെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഖത്തറിലുള്ള ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ മുടങ്ങി. ഉപ്പാക്കെതിരെ സ്പോണ്‍സര്‍ കേസ് കൊടുത്തത് കാരണം അവിടെയും 24 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആയുസിന്റെ പ്രധാനപ്പെട്ട സമയം പൊലീസുകാര്‍ കാരണമാണ് നഷ്ടപ്പെട്ടത്. അത് ജീവിതത്തിലൊരിക്കലും അനുഭവിക്കാത്തവര്‍ക്ക് മനസിലാകുമെന്ന് തോന്നുന്നില്ല'. മകന്‍ വ്യക്തമാക്കി.




