- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എം.എല്‍.എ പണി നോക്കി പാര്‍ട്ടിയില്‍ വന്ന ആളല്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; തുറന്നുപറഞ്ഞ് എം എം മണി
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എംഎം മണി. എം.എല്‍.എ പണി നോക്കി പാര്‍ട്ടിയില്‍ വന്ന ആളല്ല താന്‍. പാര്‍ട്ടി പറഞ്ഞാല്‍ ഉടുമ്പന്‍ചോലയില്‍ വീണ്ടും മത്സരിക്കും. അതല്ല, മറ്റൊരാളെയാണ് പാര്‍ട്ടി നിശ്ചയിക്കുന്നതെങ്കില്‍ ആ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ ആളാണെന്നും മണിയാശാന്‍ ഓര്‍മ്മിപ്പിച്ചു. ഉടുമ്പന്‍ചോലയില്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇടുക്കിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വീണ്ടും എം.എം. മണി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് പാര്‍ട്ടിയിലെ രണ്ട് ടേം വ്യവസ്ഥയില്‍ എം.എം. മണിക്ക് ഇളവു നല്‍കണമെന്നു സിപിഎം ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും. ജയസാധ്യത കണക്കിലെടുത്താണ് ഈ നീക്കം. ഇപ്പോഴത്തെ ഈ തീരുമാനത്തിനു പിന്നിലെ പ്രധാന കാരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനുണ്ടായ തിരിച്ചടിയാണ്.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളില്‍ അഞ്ചെണ്ണം യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 2020ല്‍ പത്തിടത്തും എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. 38,305 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് 2021ല്‍ എം.എം. മണി സ്വന്തമാക്കിയത്. എന്നാല്‍ 81 വയസ്സുള്ള എം.എം. മണി ഇനി താന്‍ മത്സരിക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. പക്ഷേ ജയസാധ്യത കണക്കിലെടുത്ത് ജില്ലാ നേതൃത്വത്തിന്റെ ചര്‍ച്ച 'മണി ആശാനിലേക്ക്' എത്തുകയായിരുന്നു.




