കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 110 സീറ്റ് നേടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭരണത്തെക്കുറിച്ചോ വികസനത്തെ കുറിച്ചോ ആര്‍ക്കും വിമര്‍ശനമില്ലെന്നും സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു. എ.കെ. ബാലന്റെ ജമാഅത്തെ ഇസ്ലാമി പരാമര്‍ശത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ തവണ എല്‍.ഡി.എഫ് ജയിച്ച സീറ്റുകളില്‍ വിജയിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ ചെറിയ വോട്ടിന് പരാജയപ്പെട്ട സീറ്റുകളും ഇത്തവണ നേടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയമസഭ മണ്ഡല അടിസ്ഥാനത്തില്‍ കണക്ക് പരിശോധിച്ചാല്‍ യു.ഡി.എഫിന് വലിയ ലീഡ് ഇല്ലാത്ത മണ്ഡലങ്ങള്‍ ഉള്‍പ്പെടെ പരിശോധന നടത്തിയപ്പോള്‍ 110 സീറ്റ് എല്‍.ഡി.എഫിന് വിജയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട് ജില്ലയില്‍ 13ല്‍ 13 സീറ്റും എല്‍.ഡി.എഫിന് വിജയിക്കാനാകും.

മണ്ഡലത്തിലെ സാധാരണ മനുഷ്യര്‍, വ്യാപാരികള്‍ കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവരുമായി സംവദിച്ചാണ് മുന്നോട്ടു പോകുന്നത്. കനഗോലു അല്ല ഏതു കോലു ആയാലും പൊതുജനങ്ങളുമായുള്ള ഇടപെടല്‍ ആണ് പ്രധാനം. കനഗോലു അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ആദര്‍ശത്തിന്റെ ഭാഗമായാണോ കനഗോലു പ്രവര്‍ത്തിക്കുന്നത്? അയാളുടെ കഞ്ഞികുടി മുട്ടിക്കാന്‍ ഞാനില്ല -റിയാസ് പറഞ്ഞു.

156 കുടുംബ യോഗങ്ങളിലായി പതിമൂവായിരത്തിലേറെ പേരെ നേരില്‍ കണ്ടു. ഒരിടത്തും ഭരണത്തെക്കുറിച്ചോ വികസനത്തെ കുറിച്ചോ വിമര്‍ശനം ഉയര്‍ന്നില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരാണ് -മന്ത്രി വ്യക്തമാക്കി. നവീകരിച്ച മാനാഞ്ചിറ മലാപ്പറമ്പ് റോഡ് ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.