തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയില്‍. മുടവന്‍മുകള്‍ സ്വദേശി അമല്‍ സുരേഷാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ബൈക്ക് മോഷണം പോയത്. നേരത്തെയും അമലിനെ മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരന്റെ ബൈക്കാണ് പരാതി നല്‍കാന്‍ എത്തിയ പ്രതി അടിച്ചുമാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ പ്രതിയെ പോലീസ് പിടികൂടി.മുടവന്‍മുകള്‍ സ്വദേശി അമല്‍ സുരേഷിനെയാണ് കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം കമ്മീഷന്‍ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയതിനു ശേഷം തിരികെ പോകുമ്പോഴായിരുന്നു അമല്‍ ബൈക്കുമായി കടന്നു കളഞ്ഞത്. ബൈക്കില്‍ താക്കോല്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിക്ക് മോഷണം എളുപ്പമാക്കി.

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ തന്നെ മാനവിയം വീഥിയില്‍ നിന്ന് അമലിനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അമല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.