- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബസ്വത്ത് വില്ക്കുന്നതില് തര്‍ക്കം; സഹോദരന്റെ വീടിന് തീയിടാന്‍ പോയ അനുജന് മേല്‍ തീ ആളിപ്പടര്‍ന്നു
ബംഗളൂരു: കുടുംബസ്വത്ത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന്റെ ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ പൊള്ളലേറ്റ മുനിരാജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിലേക്ക് തീ ആളിപ്പടര്‍ന്നതോടെ മുനിരാജ് അലറി വിളിക്കാന്‍ തുടങ്ങി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ തീ അണച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഗോവിന്ദപൂരിലെ ഗ്രാമത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കുടുംബസ്വത്ത് വില്‍ക്കുന്നതിനെ ചൊല്ലി സഹോദരന്മാര്‍ക്കിടയില്‍ നടന്ന തര്‍ക്കമാണ് വീടിന് തീയിടാന്‍ പ്രേരിപ്പിച്ചത്. മുനിരാജ് നടത്തിയിരുന്ന ചിട്ടി ബിസിനസില്‍ സാമ്പത്തിക നഷ്ടം വന്നതിനെ തുടര്‍ന്ന് കടത്തിലായിരുന്നു. കടം വീട്ടുന്നതിനായി കുടുംബസ്വത്ത് വില്‍ക്കണമെന്നാവശ്യപ്പെട്ട് മുനിരാജ് സഹോദരന്‍ രാമകൃഷ്ണയെ സമീപിച്ചിരുന്നു. എന്നാല്‍, രാമകൃഷ്ണന്‍ ഇതിന് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കാവുകയായിരുന്നു.
ജ്യേഷ്ഠനോടുള്ള ദേഷ്യത്തില്‍ ചൊവ്വാഴ്ച രാത്രി രാമകൃഷ്ണന്റെ വീട് കത്തിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിലെത്തിയ മുനിരാജ് വീട് പുറത്തു നിന്ന് പൂട്ടി മുറിയിലേക്ക് പെട്രോള്‍ ഒഴിച്ചു. ഈ സമയത്ത് മുനിരാജിന്റെ കൈയിലും പെട്രോള്‍ തെറിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെ വീടിന് തീ കൊളുത്തിയപ്പോള്‍ അത് മുനിരാജിന്റെ കൈകളിലേക്ക് ആളിപ്പടരുകയായിരുന്നു.
അപകടത്തില്‍ മുനിരാജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നിലവില്‍ ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുടുംബത്തിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാമകൃഷ്ണന്റെ വീട്ടിലെ സി.സി.ടി.വിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




