തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെയോ ഏതാനും ജീവനക്കാരെയോ മാത്രം പ്രതികളാക്കി യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേസില്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശബരിമലയില്‍ നടന്ന സ്വര്‍ണ്ണ തിരിമറികള്‍ സ്വന്തം വകുപ്പിന്റെ മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഭരണകര്‍ത്താക്കള്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തോതില്‍ സ്വര്‍ണ്ണം കടത്താന്‍ കഴിയില്ല. സി.പി.എം പോലൊരു പാര്‍ട്ടി സംവിധാനത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കൊള്ളയെക്കുറിച്ച് മന്ത്രിയും നേതൃത്വവും അറിഞ്ഞില്ല എന്ന് പറയുന്നത് അവിശ്വസനീയമാണ്. ഇപ്പോള്‍ അറസ്റ്റിലായ ഏതാനും പേരും തന്ത്രിയും ചേര്‍ന്നാല്‍ കേസ് അവസാനിച്ചു എന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്ത്രിക്ക് ഈ സംഭവത്തില്‍ എങ്ങനെയാണ് പങ്കുള്ളതെന്ന കാര്യം അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്. അത് കോടതി തീരുമാനിക്കട്ടെ. എന്നാല്‍ തന്ത്രിയെ മുന്‍നിര്‍ത്തി ഭരണതലപ്പത്തുള്ളവരിലേക്കും മന്ത്രിയിലേക്കും അന്വേഷണം എത്തുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയിലെ കൊള്ളയില്‍ മന്ത്രിമാര്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. വകുപ്പിന് കീഴില്‍ ഇത്രയും വലിയ അഴിമതി നടന്നിട്ടും അത് കണ്ടെത്താന്‍ കഴിയാത്തത് ഭരണപരാജയമാണ്. മന്ത്രിമാരെ രക്ഷിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നീക്കം നടന്നാല്‍ പ്രതിപക്ഷം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ശക്തമായി പ്രതികരിക്കുമെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.