- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: തന്ത്രിയുടെ അറസ്റ്റില്‍ അന്വേഷണം ഊര്‍ജ്ജിതം; പ്രതികരിക്കാനില്ലെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരട്ടെ എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, തന്ത്രി തന്റെ നാട്ടുകാരനാണെന്നും എല്ലാവര്‍ക്കും വേണ്ടപ്പെട്ട ആളാണെന്നും മന്ത്രി മറുപടി നല്‍കി.
അതേസമയം, തന്ത്രിയുടെ അറസ്റ്റോടെ ശബരിമലയിലെ സ്വര്‍ണ്ണ തിരിമറികളുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നിലവില്‍ റിമാന്‍ഡിലുള്ള കണ്ഠരര് രാജീവരെ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് എസ്‌ഐടിയുടെ നീക്കം. ഇതിനായി അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
സ്വര്‍ണ്ണക്കടത്തിലെ ഗൂഢാലോചനയിലും ആചാരലംഘനത്തിലും തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തന്ത്രിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.




