നെടുങ്കണ്ടം (ഇടുക്കി): കരുണാപുരം പഞ്ചായത്തിലെ കൂട്ടാര്‍ പന്തുകളിക്കളം ഏറ്റെടുക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശത്ത് ജനരോഷം ആളിപ്പടരുന്നു. ദശകങ്ങളായി നാട്ടുകാരും യുവജനങ്ങളും ഉപയോഗിച്ചു വരുന്ന മൈതാനം വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള നീക്കം സംഘര്‍ഷാവസ്ഥയിലേക്കാണ് നീങ്ങുന്നത്. കളിസ്ഥലം സംരക്ഷിക്കണമെന്ന ആവശ്യവുമായി കായികപ്രേമികളും നാട്ടുകാരും തെരുവിലിറങ്ങിയതോടെ മേഖലയില്‍ പ്രതിഷേധം അതിരു കടക്കുകയാണ്.

വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും കളിസ്ഥലം ഏറ്റെടുക്കുന്ന നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.എസ്.പി നേതാവ് അജോ കുറ്റിക്കന്‍ തദ്ദേശ സ്വയംഭരണമന്ത്രിക്ക് പരാതി നല്‍കി. പ്രതിഷേധം ശക്തമായതോടെ വരും ദിവസങ്ങളില്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ച് വന്‍ പ്രക്ഷോഭ പരിപാടികള്‍ക്കാണ് കായിക സംഘടനകള്‍ രൂപം നല്‍കിയിരിക്കുന്നത്.

ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ ഏക കായിക ആശ്രയമാണ് അധികൃതര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത് വരുംതലമുറയുടെ കായിക സ്വപ്നങ്ങളെ തകര്‍ക്കുന്നതിന് തുല്യമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഓരോ പഞ്ചായത്തിലും കളിസ്ഥലങ്ങള്‍ വേണമെന്ന സര്‍ക്കാര്‍ നയം നിലനില്‍ക്കെ, നിലവിലുള്ള ഗ്രൗണ്ട് നശിപ്പിക്കുന്നത് ഭരണകൂട ഭീകരതയാണെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.

മൈതാനം സംരക്ഷിക്കുന്നതിനായി ഏത് തരം സമരമുറകള്‍ക്കും തങ്ങള്‍ സന്നദ്ധമാണെന്നും വികസനത്തിന്റെ പേരില്‍ കായിക സംസ്‌കാരത്തെ ബലി കൊടുക്കാന്‍ അനുവദിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. അധികൃതര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പ്രതിഷേധം പഞ്ചായത്ത് ഓഫീസിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിക്കാനാണ് തീരുമാനം.