ഗുരുവായൂര്‍: മുല്ലപ്പൂവിന് ഞായറാഴ്ച പൊന്നും വിലയായി. മുഴത്തിന് 100 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച്ച 50 രൂപ ഉണ്ടായിരുന്നതാണ് പെട്ടെന്ന് ഇരട്ടിയായത്. കിലോയ്ക്ക് 5,000 രൂപയുമായി. തമിഴ്‌നാട്ടില്‍ മഞ്ഞുവീഴ്ചയുണ്ടായതാണ് വില കൂടാന്‍ കാരണമായത്.

പെട്ടെന്ന് വില കൂടിയത് ഗുരുവായൂരില്‍ കല്യാണക്കാര്‍ക്ക് തിരിച്ചടിയായി. ഗുരുവായൂരില്‍ ഞായറാഴ്ച 120-നും 150-നും വിറ്റവരുണ്ട്. മുല്ലപ്പൂ അടുപ്പിച്ച് കെട്ടിയതിനാണെങ്കില്‍ 250 രൂപയായിരുന്നു വില.

തമിഴ്‌നാട്ടില്‍ മഞ്ഞുവീഴ്ചയുണ്ടായാല്‍ ഉത്പാദനം കുറയുകയും പൂ വിരിയാന്‍ താമസം നേരിടുകയും ചെയ്യും. പകല്‍ സമയത്തെ കനത്ത ചൂടും മുല്ലക്കൃഷിക്ക് തടസ്സമാകുന്നു. അതുകൊണ്ടാണ് വില കൂട്ടേണ്ട സാഹചര്യം വന്നതെന്ന് ഗുരുവായൂരിലെ പൂക്കച്ചവടക്കാര്‍ പറഞ്ഞു. ഇനിയും വില കൂടാനാണ് സാധ്യത. കാരണം, മകരമാസമാകുന്നതോടെ കല്യാണങ്ങള്‍ കൂടും. മുല്ലപ്പൂവിന് ഡിമാന്‍ഡ് കൂടും.