കാഞ്ഞങ്ങാട്: ഓട്ടോയുടെ ഡാഷ് ബോര്‍ഡ് കുത്തി തുറന്ന് ഏഴു പവന്റെ സ്വര്‍ണം മോഷ്ടിച്ച കള്ളന്മാരെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലിസ്. മാവുങ്കാലിലെ സ്വകാര്യ ആസ്പത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ സൂക്ഷിച്ച പണമാണ് കള്ളന്മാര്‍ കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഏഴുപവന്റെ സ്വര്‍ണവളകള്‍ മോഷ്ടിച്ചയാളെയും കൈമാറി കിട്ടിയ സ്വര്‍ണം സൂക്ഷിച്ചയാളെയും മണിക്കൂറുകള്‍ക്കകം പോലിസ് പിടികൂടി. കള്ളാര്‍ ഒക്ലാവിലെ സുബൈര്‍ (23), കാഞ്ഞങ്ങാട് വടകരമുക്കിലെ ആഷിഖ് (28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ കുടുങ്ങിയതാണ് പെട്ടെന്ന് തന്നെ പിടികൂടാന്‍ സഹായിച്ചത്. വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷറഫിന്റെ ഓട്ടോയില്‍നിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്വര്‍ണവളകള്‍ മോഷണം പോയത്. അഷറഫിന്റെ ഭാര്യാപിതാവ് കോളിച്ചാലിലെ പി. അബ്ദുള്ള വീണ് പരിക്കേറ്റ് തുടയെല്ല് പൊട്ടിയിരുന്നു. വിവരമറിഞ്ഞ് അഷറഫും ഭാര്യ കൗലത്തും കോളിച്ചാലിലെത്തി അബ്ദുള്ളയെ കൂട്ടി ആസ്പത്രിയിലേക്കു തിരിച്ചു. അബ്ദുള്ളയുടെ ഭാര്യ ആസിയയും മകന്റെ ഭാര്യ നിസ്രിയയും ഒപ്പമുണ്ടായിരുന്നു.

സ്വര്‍ണം വീട്ടില്‍ വെക്കാന്‍ ഭയന്ന ഇവര്‍ അതും കയ്യിലെടുത്തു. ആസ്പത്രിയിലെത്തിയ ഇവര്‍ സ്വര്‍ണം ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡില്‍വെച്ച് പൂട്ടി. അബ്ദുള്ളയെ അഡ്മിറ്റ് ചെയ്ത് രണ്ടുമണിക്കൂറിനുശേഷം തിരികെ വന്ന് നോക്കിയപ്പോള്‍ ഡാഷ്ബോര്‍ഡ് കുത്തിത്തുറന്ന നിലയിലായിരുന്നു. സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആസ്പത്രി അധികൃതരെ അറിയിക്കുകയും സിസിടിവി പരിശോധിക്കുകയും ചെയ്തു. ഒരാള്‍ ഓട്ടോറിഷയുടെ മുന്‍ സീറ്റിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിരുന്നു.

ഇന്‍സ്പെക്ടര്‍ ഇ. അനൂപ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. എസ്ഐ ശാര്‍ങ്ധരന്‍, എഎസ്ഐ മാരായ സുനില്‍കുമാര്‍, സുഗുണന്‍, ആനന്ദകൃഷ്ണന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ കെ.ടി.അനില്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷണം വ്യാപകമാക്കി. ഒടുവില്‍ അമ്പലത്തറയില്‍ വെച്ച് സുബൈര്‍ പിടിയിലായി. ഇയാളുടെ മൊഴിക്ക് പിന്നാലെ കാഞ്ഞങ്ങാട് വടകരമുക്കിലെത്തിയ പോലീസ് നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ ആഷിഖിനെ പിടികൂടുകയും ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ഏഴുസ്വര്‍ണവളകളും കണ്ടെടുക്കുകയും ചെയ്തു.