കൊച്ചി: രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂട്ടാന്‍ വാഹനക്കടത്ത് ഇടപാടില്‍ കേരളത്തില്‍ ആദ്യമായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി സ്വദേശി രോഹിത് ബേദിക്കെതിരെ കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശി യഹിയ നല്‍കിയ പരാതിയിലാണ് നടപടി.

നേപ്പാളിലെ ഇന്ത്യന്‍ എംബസിയില്‍ ഉപയോഗിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ കാറാണെന്ന് വിശ്വസിപ്പിച്ച് രോഹിത് ബേദി പരാതിക്കാരനില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. യഹിയ വാങ്ങിയ ഈ വാഹനം പിന്നീട് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം യഹിയ അറിയുന്നത്.

ഭൂട്ടാനില്‍ നിന്ന് സൈന്യം ഉപേക്ഷിച്ച നാല്‍പ്പതോളം ആഡംബര വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കസ്റ്റംസ് ആരംഭിച്ച നടപടിയാണ് 'ഓപ്പറേഷന്‍ നുംഖൂര്‍'. ഈ വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് വ്യാജരേഖകളുണ്ടാക്കി രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം രാജ്യമെമ്പാടും വില്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ നടന്ന വ്യാപക പരിശോധനയില്‍ സിനിമാ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടേതടക്കം നിരവധി പ്രമുഖരുടെ വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കസ്റ്റംസ് പോലീസിന്റെ സഹായം തേടിയിരുന്നെങ്കിലും, ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുന്നത് ഇതാദ്യമായാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.