തിരുവനന്തപുരം: വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഗുവാഹത്തി-ഹൗറ റൂട്ടിലാകും രാജ്യത്തെ ആദ്യ സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുകയെങ്കിലും കേരളത്തിന് മൂന്ന് പ്രധാന റൂട്ടുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നീ റൂട്ടുകള്‍ക്കാണ് മുന്‍ഗണന. വന്ദേ സ്ലീപ്പറില്‍ തേര്‍ഡ് എസിക്ക് 960 രൂപയും സെക്കന്റ് എസിക്ക് 1240 രൂപയും ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ് 400 കിലോമീറ്റര്‍ വരെയുള്ള മിനിമം നിരക്ക്. ഇതിന് ശേഷം ഓരോ കിലോമീറ്ററിനും നിശ്ചിത തുക അധികമായി നല്‍കണം. ജിഎസ്ടി നിരക്കുകള്‍ ഇതിന് പുറമെയായിരിക്കും.

മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ തേര്‍ഡ് എസിക്ക് 1514 രൂപയും സെക്കന്റ് എസിക്ക് 1956 രൂപയും ഫസ്റ്റ് എസിക്ക് 2397 രൂപയുമാണ് പ്രതീക്ഷിക്കുന്ന നിരക്ക്. ദൂരക്കൂടുതലുള്ള ചെന്നൈ റൂട്ടില്‍ തേര്‍ഡ് എസിക്ക് 2212 രൂപയും ബെംഗളൂരു റൂട്ടില്‍ 2025 രൂപയും നല്‍കേണ്ടി വരും. രാജധാനി എക്‌സ്പ്രസിനേക്കാള്‍ ഉയര്‍ന്ന നിരക്കാണെങ്കിലും 130 കിലോമീറ്റര്‍ മുതല്‍ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നത് വന്ദേ സ്ലീപ്പറിന്റെ പ്രത്യേകതയാണ്. കണ്‍ഫേം ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ എന്നതിനാല്‍ ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് സംവിധാനങ്ങള്‍ ഈ ട്രെയിനില്‍ ഉണ്ടാകില്ല. വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ക്വാട്ട അനുവദിക്കും.

ഓട്ടോമാറ്റിക് ഡോറുകള്‍, ആധുനിക സസ്‌പെന്‍ഷന്‍, ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വന്ദേ സ്ലീപ്പറിനെ മറ്റ് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.