കൊച്ചി: കോതമംഗലം നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ കോതമംഗലം ടൗണ്‍, തങ്കളം, നെല്ലിക്കുഴി, പള്ളിത്താഴം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോതമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം നേതാക്കള്‍ മാനിക്കണമെന്നും വട്ടിപ്പലിശക്കാരെ മണ്ഡലത്തിന് ആവശ്യമില്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. 'കൈപ്പത്തി വരട്ടെ' എന്ന ആഹ്വാനത്തോടെയുള്ള പോസ്റ്ററുകള്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്.

യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കോതമംഗലത്ത് കഴിഞ്ഞ രണ്ട് തവണയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. എന്നാല്‍ ടി.യു. കുരുവിളയും ഷിബു തെക്കുംപുറവും സിപിഎമ്മിലെ ആന്റണി ജോണിനോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ച്ചയായ ഈ തോല്‍വികളുടെ പശ്ചാത്തലത്തില്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എം. അമീന്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരസ്യമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം യുഡിഎഫിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.