പുനലൂര്‍: പത്തനാപുരം തിടവൂര്‍ സത്യമുക്കിലുള്ള വീടിന്റെ മതിലില്‍ പതിച്ച ഹൈന്ദവ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍.പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ വീട്ടുമതിലിലാണ് വിഗ്രഹാരാധന നടത്തുന്നവരെ അവഹേളിച്ചു കൊണ്ടുള്ള പ്രകോപനപരമായ വിചിത്ര വിശ്വാസ വാക്യങ്ങള്‍ എഴുതിച്ചേര്‍ത്തനിലയില്‍ കാണപ്പെട്ടത്. ഈ മതിലുളള വീടിന്റെ ഉടമസ്ഥനാണ് പ്രകോപനമുണ്ടാകുന്ന വിചിത്ര വിശ്വാസ പരാമര്‍ശങ്ങള്‍ എഴുതി ചേര്‍ത്തതെന്നാണ് വിവരം. ഹൈന്ദവ വിശ്വാസികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നു.

''ദുര്‍നടപ്പുകാര്‍, വ്യഭിചാരികള്‍, സ്വയംഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, മദ്യപാനികള്‍, അത്യാഗ്രഹികള്‍, വിഗ്രഹാരാധികള്‍ ' എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നാണ് എഴുതിയിരിക്കുന്നത്. ''ദുര്‍നടപ്പുകാര്‍, വ്യഭിചാരികള്‍, സ്വയംഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, മദ്യപാനികള്‍, അത്യാഗ്രഹികള്‍, വിഗ്രഹാരാധികള്‍ 'തുടങ്ങിയ വാക്കുകളോടൊപ്പം വിഗ്രഹാരാധികള്‍ എന്ന വാക്കും ചേര്‍ത്തു പ്രകോപനമുണ്ടാക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നത്. ഈ അവഹേളനപരമായ പരാമര്‍ശത്തില്‍ പ്രദേശത്തെ ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തി. പോലീസിന് പരാതി നല്‍കിയതിന് പിന്നാലെ നാട്ടുകാര്‍ ഈ വാക്യം പരസ്യമായി മായ്ച്ചു.

കുന്നിക്കോട് - പത്തനാപുരം റോഡിലുള്ള വീടിന്റെ മതിലിലാണ് വിവാദ പരാമര്‍ശം. ഹൈന്ദവ വിശ്വാസികളെ പരസ്യമായി അവഹേളിക്കുന്നതാണ് ഇതിലെ വരികളെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുവെ ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തോടും ഐക്യത്തോടെയും ജീവിക്കുന്ന നാട്ടില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.