മലപ്പുറം: ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന് കടന്നു കളഞ്ഞ കള്ളന്‍ വീട്ടിലെ സിസിടിവിയില്‍ കുടങ്ങി. പള്ളിക്കുന്നിലെ പാറക്കല്‍ അഷ്റഫിന്റെ മകള്‍ ഡോ. ഷംനയുടെ മൂന്നരഗ്രാമോളം തൂക്കംവരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. മാല പൊട്ടിച്ചതറിഞ്ഞ് ഷംന ഉണരുകയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.

മോഷ്ടാവിന്റെ ദൃശ്യം വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ വീട്ടില്‍നിന്ന് ഏണി കൊണ്ടുവന്നാണ് വീടിന്റെ മുകളിലെത്തിയത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്നാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.

രണ്ടാം നിലയിലെ മറ്റു മുറികളിലും കള്ളനെത്തുകയും അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടനെതന്നെ പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ട്.