കോഴിക്കോട്: ജനകീയ പങ്കാളിത്തത്തോടെ ഗ്രാമപ്പഞ്ചായത്ത് നിര്‍മിച്ച ഊഞ്ഞാല്‍ പൊട്ടിവീണ് യുവാവിന് പരിക്കേറ്റു. വാണിമേല്‍ പച്ചപ്പാലം സ്വദേശി അഖിലേഷിനാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. അഖിലേഷിന്റെ തലയ്ക്ക് ഒന്‍പതു തുന്നലും ശരീരത്തിലെ പലഭാഗത്തും പരിക്കുമുണ്ട്. കഴിഞ്ഞദിവസം രാത്രി വിശ്രമവേളയില്‍ പഞ്ചായത്ത് നിര്‍മ്മിച്ച ഊഞ്ഞാല്‍ ആടിക്കൊണ്ടിരിക്കെയാണ് സംഭവം.

ഊഞ്ഞാലിന്റെ മുകളിലത്തെ പാരപ്പറ്റും ഇരുമ്പിന്റെ തൂണുമടക്കം പൊട്ടി തലയില്‍ വീഴുകയായിരുന്നു. ശരീരം മുഴുവന്‍ ചോരയൊലിപ്പിച്ചുനിന്ന അഖിലേഷിനെ സമീപത്തുള്ളവരുടെ സഹായത്തോടെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദിനംപ്രതി കുട്ടികളടക്കം നൂറോളംപേര്‍ വ്യായാമത്തിനും മറ്റും എത്താറുള്ള പാര്‍ക്കില്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച മറ്റു വ്യായാമ ഉപകരണങ്ങളും മഴയത്ത് ഇതിനകം ദ്രവിച്ചുപോയ അവസ്ഥയാണിലാണുള്ളത്.