തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിലെ അതിജീവിതയ്ക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ കടുത്ത വേട്ടയാടല്‍. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കുമെതിരെ അതിജീവിത സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളും ചില ഓണ്‍ലൈന്‍ ചാനലുകളും കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും അന്തസ്സിനെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള കമന്റുകള്‍ പ്രചരിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ പരാതി നല്‍കിയതിന് പിന്നാലെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ തകര്‍ക്കാനാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് അതിജീവിത പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ വേട്ടയാടല്‍ ശക്തമായതായും ആക്ഷേപമുണ്ട്.

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെയും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശാന്‍ അതിജീവിതയെ മോശക്കാരിയായി ചിത്രീകരിക്കുന്ന കോണ്‍ഗ്രസ് സൈബര്‍ വിംഗിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുന്‍പും കോണ്‍ഗ്രസ് സൈബറിടങ്ങളില്‍ സ്ത്രീകളെ ഇത്തരത്തില്‍ അധിക്ഷേപിച്ചിട്ടുണ്ട്.