തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പില്‍ എംപിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നത് ജെ.എസ് അഖിലിനെയായിരുന്നു എന്ന് സുധീരന്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിയുടെ ആ നിര്‍ദേശം അന്ന് നടന്നിരുന്നെങ്കില്‍ ഇതിലും നല്ല ഫലം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുധീരന്റെ ഈ സുപ്രധാന പരാമര്‍ശം. ഉമ്മന്‍ചാണ്ടിക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു അഖിലെന്നും, അദ്ദേഹത്തെ ഒരു സുപ്രധാന പദവിയിലേക്ക് നിര്‍ദേശിച്ചിട്ടും അത് നടക്കാതെ പോയതില്‍ അതൃപ്തിയുണ്ടെന്നും സുധീരന്‍ പറഞ്ഞു. അന്ന് ആ തീരുമാനം നടപ്പായിരുന്നെങ്കില്‍ സംഘടനയ്ക്ക് ഏറെ ഗുണകരമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി പദവികള്‍ ലഭിക്കാത്തപ്പോള്‍ പരാതികളുമായി പോകുന്ന രാഷ്ട്രീയക്കാരുണ്ട്, എന്നാല്‍ പദവി കിട്ടാതിരുന്നിട്ടും പരിഭവമില്ലാതെ മുന്നോട്ട് പോയ അഖിലിന്റെ രീതിയെ അദ്ദേഹം പ്രശംസിച്ചു.