കാസര്‍കോട് എന്‍മകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്‌കൂള്‍ അധ്യാപകനുമായ സിപിഎം പ്രാദേശിക നേതാവ് എസ്. സുധാകരയ്ക്കെതിരേ വീട്ടമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. മുപ്പത് വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും മക്കളെയും തന്നെയു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും വീട്ടമ്മ വെളിപ്പെടുത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് വഞ്ചിക്കുകയും ചെയ്ത സുധാകര, പരാതിക്കാരി മറ്റൊരു വിവാഹം കഴിച്ചതിനുശേഷവും ഭീഷണിപ്പെടുത്തി ലോഡ്ജുകളിലെത്തിച്ച് പീഡനം തുടര്‍ന്നതായും പരാതിയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ജബ്ബാര്‍ വധക്കേസില്‍ നേരത്തെ പ്രതിയായിരുന്ന സുധാകരയെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ഈ വിധിയിന്മേലുള്ള അപ്പീല്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സുധാകരയെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും സിപിഎം പുറത്താക്കി. കാസര്‍കോട് പോലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.