- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത്... സി.ജെ.പി അങ്ങനെ ഒന്നു അന്താരാഷ്ട്ര പാര്‍ട്ടി ആയെടാവേ.....'; പരിഹസിച്ച് ഷിബു മീരാന്‍

കൊച്ചി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി) ഉന്നതതല പ്രതിനിധി സംഘം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ചതിനെ പരിഹസിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍. 'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത്... സി.ജെ.പി അങ്ങനെ ഒന്നു അന്താരാഷ്ട്ര പാര്‍ട്ടി ആയെടാവേ.....' എന്നായിരുന്നു ഷിബുവിന്റെ ഫേസ്ബുക് കുറിപ്പ്. സി.പി.എം -ബി.ജെ.പി അവിശുദ്ധ ബന്ധത്തെ പരിഹസിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ ഉപയോഗിക്കുന്നതാണ് സി.ജെ.പി (കമ്യൂണിസ്റ്റ് ജനത പാര്‍ട്ടി) എന്ന വാക്ക്. ഇതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബി.ജെ.പി ബന്ധത്തെ വിശേഷിപ്പിക്കാനും ഷിബു ഉപയോഗിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് സി.പി.സിയുടെ ഇന്റര്‍നാഷണല്‍ ഡിപാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹൈയാന്റെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി ആസ്ഥാനത്തെത്തിയത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, വിദേശകാര്യ വിഭാഗം ഇന്‍-ചാര്‍ജ് വിജയ് ചൗതായ്വാലെ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബി.ജെ.പിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ഷു ഫീഹോങ്ങും സംഘത്തോടൊപ്പമുണ്ടായിരുന്നു.
2024 ഒക്ടോബറില്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റവും നയതന്ത്ര ചര്‍ച്ചകളും പുനരാരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പാര്‍ട്ടിതല സന്ദര്‍ശനം.
ചൈനയുമായുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ബന്ധത്തെച്ചൊല്ലി നേരത്തെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2018ല്‍ രാഹുല്‍ ഗാന്ധി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രഹസ്യ കരാറില്‍ ഒപ്പിട്ടുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. മറുവശത്ത്, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു.
2020ല്‍ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സൈനിക സംഘര്‍ഷത്തിന് ശേഷം ആദ്യമായാണ് സി.പി.സി ഉന്നതതല പ്രതിനിധി സംഘം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിച്ചത്. മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. 2020ലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ നിലനിന്നിരുന്ന അസ്വാരസ്യം വഴിമാറുന്നതിന്റെ സൂചനയായാണ് ഉന്നതതലത്തിലുള്ള ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.


