കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപിക്ക് നേട്ടം. കോര്‍പറേഷന്‍ നികുതികാര്യസ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബിജെപിക്ക് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് ബി ജെ പി കൗണ്‍സിലര്‍ വിനീത സജീവന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത് അംഗ സമിതിയില്‍ നാല് യുഡിഎഫ് നാല് ബിജെപി ഒരു എല്‍ഡിഎഫ് കൗണ്‍സിലറുമാണ് ഉണ്ടായിരുന്നത്.

എല്‍ ഡി എഫ് അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പ് വേളയില്‍ സിപിഎം അംഗം വിട്ടുനിന്നതോടെ യുഡിഎഫിനും ബിജെപിക്കും തുല്യ വോട്ടുകള്‍ ലഭിക്കുകയും മത്സരം ടൈയില്‍ കലാശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് വിജയിയെ നിശ്ചയിക്കാന്‍ അധികൃതര്‍ നറുക്കെടുപ്പ് നടത്തിയത്. ഭാഗ്യം ബിജെപി സ്ഥാനാര്‍ത്ഥി വിനീത സജീവനെ തുണച്ചതോടെ സമിതിയുടെ അധ്യക്ഷസ്ഥാനം ബിജെപിക്ക് സ്വന്തമായി.

കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ എട്ട് സ്ഥിരംസമിതി അധ്യക്ഷന്മാരില്‍ ആറെണ്ണം എല്‍ഡിഎഫിനും ഓരോന്ന് വീതം യുഡിഎഫിനും ബിജെപിക്കും ലഭിച്ചു. ബിജെപിക്ക് നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ലഭിച്ചത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.