ഇടുക്കി: ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ജില്ല കളക്ടര്‍ നാളെ (ജനുവരി 14 ) അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചത്.

മുഴുവന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഈ അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. പൊങ്കല്‍ പ്രമാണിച്ച് വ്യാഴാഴ്ച്ചയും പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്