- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തബാധിതര്‍ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ് ഭൂമി വാങ്ങി; നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് ടി സിദ്ദിഖ്

വയനാട്: വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ് ഭൂമി വാങ്ങിയെന്ന് അറിയിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ടി സിദ്ദിഖ് എംഎല്‍എ. വയനാട്ടിലെ കോണ്‍ഗ്രസിന്റെ ഭവന പദ്ധതി, മേപ്പാടി പഞ്ചായത്തില്‍ ഒന്നാംഘട്ട ഭൂമി ഏറ്റെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും സിദ്ദിഖ് കുറിച്ചു. വയനാട് ഡിസിസി പ്രസിഡന്റ് ടി. ജെ ഐസക്കിന്റെ വീഡിയോ പങ്കുവച്ചാണ് ടി സിദ്ദിഖ് രംഗത്തെത്തിയത്.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവന പദ്ധതിക്കായി ഒടുവില്‍ കോണ്‍ഗ്രസ് ഭൂമി വാങ്ങി. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി വാഗ്ദാനം ചെയ്ത വീടുകള്‍ നിര്‍മ്മിക്കാനുള്ള ഭൂമിയാണ് പാര്‍ട്ടി വാങ്ങിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേകാല്‍ ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. 1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക. വൈകാതെ രണ്ട് ഇടങ്ങളില്‍ കൂടി ഭൂമി വാങ്ങുമെന്നും വയനാട് ഡിസിസി പ്രഖ്യാപിച്ചു.
നൂറ് വീട് പണിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍, ഇടതുപക്ഷം വലിയ തോതില്‍ എല്‍ഡിഎഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഭവന പദ്ധതിയിലെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് വേഗത്തില്‍ നിര്‍മ്മാണം തുടങ്ങാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചത്. നേരത്തെ 30 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഇതിനായി സമാഹരിച്ച തുക 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സ്വന്തം നിലയ്ക്കും 130 വീടുകളായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ലക്ഷ്യമിട്ട തുക സമാഹരിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ കെപിസിസി നിര്‍മിക്കുന്ന നൂറ് വീടുകളിലേക്ക് യൂത്ത് കോണ്‍ഗ്രസും തുക കൈമാറുകയായിരുന്നു. ഇതോടെ ആകെ നൂറ് വീടുകളാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്നാണ് വിവരം.


