- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതിരാത്രിയില്‍ എത്തി നഗരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് തകര്‍ക്കും; ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിനെ പിടികൂടി നാട്ടുകാര്‍
രാത്രിയിലെത്തി കാറിന്റെ മുൻവശത്തെ ചില്ലുപൊട്ടിക്കും; രണ്ടാമനെയും പിടികൂടി നാട്ടുകാർ

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് ചൊവ്വാഴ്ച പുലര്‍ച്ചെ എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതി പിടിയില്‍. പാതിരാത്രിയില്‍ കാറുകള്‍ക്ക് സമീപമെത്തിയ ശേഷം മുന്‍വശത്തെ ചില്ലുകള്‍ എറിഞ്ഞു പൊട്ടിക്കുന്ന യുവാവിനെ നാട്ടുകാരാണ് പിടികൂടിയത്. ഡിപിഐ ജംക്ഷനു സമീപത്തുനിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ ഉത്തര്‍പ്രദേശ് സ്വദേശി ചന്ദ്രമൗരിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനു സമീപത്തെത്തി കല്ലെടുത്തു ചുറ്റും നോക്കിയ ശേഷം മുന്‍ഭാഗത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഗ്ലാസ് പൊട്ടിച്ച ശേഷം യാതൊരു ഭാവഭേദവുമില്ലാതെ ഇയാള്‍ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നഗരത്തില്‍ ചെന്തിട്ട, തൈക്കാട് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാള്‍ എറിഞ്ഞു പൊട്ടിച്ചത്.
രണ്ട് സംഭവങ്ങളിലും ഒരാളാണ് ചില്ലുകള്‍ എറിഞ്ഞു പൊട്ടിക്കുന്നതെന്നു വ്യക്തമായിരുന്നു. പുലര്‍ച്ചെ 2നും 2.30നുമിടയ്ക്കാണ് ചില്ലുകള്‍ എറിഞ്ഞ് പൊട്ടിച്ചത്. കറുത്ത വേഷമിട്ടയാള്‍ കയ്യില്‍ കവറുമായി എത്തി പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തറയില്‍നിന്നു കല്ലെടുത്ത് വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
ഒരു മാസം മുന്‍പ് വലിയശാലയില്‍ ഇത്തരത്തില്‍ വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിക്കുന്ന അതിഥിത്തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി തമ്പാനൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.


