കൊല്ലം: ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയില്‍ എച്ച്9 എന്‍2 (ഒ9ച2) പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

നിലവില്‍ സ്ഥിരീകരിച്ച എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും, വലിയ തോതിലുള്ള വ്യാപനശേഷിയുള്ള വിഭാഗമല്ലെന്നും ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകള്‍ വ്യക്തമാക്കി. ഭീതിയുടെ സാഹചര്യമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഹാച്ചറിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൊല്ലം ജില്ലയിലെ 14 പഞ്ചായത്തുകളിലേക്കും തിരുവനന്തപുരം ജില്ലയിലെ 2 അതിര്‍ത്തി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു.

വൈറസ് കണ്ടെത്തിയത്

കൊല്ലം ജില്ല: ഇളമാട്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍.

തിരുവനന്തപുരം ജില്ല: മടവൂര്‍, പള്ളിക്കല്‍.

കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു. രോഗം ബാധിച്ച പക്ഷികളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും വിപണനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.