തൃശൂര്‍; തൃശൂരിലെ പൂരനഗരിയില്‍ കൗമാര കലയുടെ പൂരത്തിന് തിരിതെളിഞ്ഞു. 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ആവേശകരമായ തുടക്കം. പ്രധാന വേദിയായ സൂര്യകാന്തിയില്‍ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.

ഇതോടെ അഞ്ചു നാള്‍ നീണ്ടുനില്‍ക്കുന്ന കൗമാര കലയുടെ പുതുവസന്തത്തിന് സാംസ്‌കാരിക നഗരിയില്‍ ഔദ്യോഗികമായി തുടക്കമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ സ്വാഗതം ആശംസിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്കൊപ്പം 'സര്‍വം മായ' എന്ന ചിത്രത്തിലെ റിയ ഷിബുവും മുഖ്യാതിഥിയായി പങ്കെടുത്തു.

ജനുവരി 14 മുതല്‍ 18 വരെ നടക്കുന്ന മേളയില്‍ പതിനയ്യായിരത്തോളം പ്രതിഭകളാണ് 25 വേദികളിലായി മാറ്റുരയ്ക്കുന്നത്. 249 മത്സരയിനങ്ങളാണ് ഇത്തവണയുള്ളത്. തേക്കിന്‍കാട് മൈതാനത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടാണ് പ്രധാന വേദി. 'ഉത്തരവാദിത്വ കലോത്സവം' എന്ന ആപ്തവാക്യത്തോടെ നടക്കുന്ന ഇത്തവണത്തെ വേദികള്‍ക്കെല്ലാം വിവിധ പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. മത്സരങ്ങള്‍ക്ക് എത്തുന്നവര്‍ക്കായി 20 സ്‌കൂളുകളിലായി താമസസൗകര്യവും എല്ലാ വേദികളിലും ആംബുലന്‍സ്, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോടുനിന്ന് യാത്ര തിരിച്ച 117.5 പവന്‍ സ്വര്‍ണക്കപ്പ് കഴിഞ്ഞ ദിവസമാണ് പൂരനഗരിയില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കായി കൗമാരതാരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.