അടൂര്‍: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തി. രാഹുലിന്റെ മുറിയിലുള്‍പ്പെടെ വിശദമായ പരിശോധനയാണ് സംഘം നടത്തിയത്.

അന്വേഷണവുമായി എം.എല്‍.എ സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ പാസ്വേഡ് കൈമാറാനോ, ലാപ്‌ടോപ്പ് എവിടെയാണെന്ന് വെളിപ്പെടുത്താനോ രാഹുല്‍ തയ്യാറായിട്ടില്ല. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുക്കേണ്ടതിന്റെ ആവശ്യകത തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കവെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ഹോട്ടലില്‍ തെളിവെടുപ്പ്: ഇന്ന് രാവിലെ ആറ് മണിയോടെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് എം.എല്‍.എയെ കൊണ്ടുവന്നത്. 2024 ഏപ്രില്‍ എട്ടിന് ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. 'രാഹുല്‍ ബി.ആര്‍' എന്ന പേരിലാണ് ഇവിടെ മുറിയെടുത്തിരുന്നത്.

ചോദ്യം ചെയ്യലില്‍ യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം രാഹുല്‍ സമ്മതിച്ചു. എന്നാല്‍ സംസാരിക്കാനാണ് എത്തിയതെന്നും പീഡനാരോപണത്തില്‍ മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പാലക്കാട്ടും വടകരയിലും പരിശോധന നടത്തിയേക്കും. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 16-ാം തീയതിയിലേക്ക് മാറ്റി.