സൂറത്ത്: പട്ടത്തിന്റെ ചരട് ദേഹത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് മൂന്നംഗ കുടുംബത്തിന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ ചന്ദ്രശേഖര്‍ ആസാദ് ഫ്‌ലൈ ഓവറിലാണ് സംഭവം. ഫ്‌ലൈഓവറിന് മുകളിലൂടെ സഞ്ചരിക്കവെ പട്ടത്തിന്റെ നൂല്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ മേല്‍ കുടുങ്ങുകയും നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് വീഴുകയുമായിരുന്നു.

റഹാന്‍ എന്ന യുവാവും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഒഴിവുദിവസമായതിനാല്‍ കുടുംബവുമൊത്ത് പുറത്തേക്കിറങ്ങിയതായിരുന്നു. ബൈക്ക് ഓടിക്കുകയായിരുന്നു റഹാന്റെ ദേഹത്ത് അപ്രതീക്ഷിതമായി വന്ന പട്ടത്തിന്റെ ചരട് കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്. തുടര്‍ന്ന് ഇരുചക്രവാഹനത്തിന്റെ താളം തെറ്റുകയും മൂന്നംഗ കുടുംബം 70 അടി ഉയരമുള്ള മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. അപകടത്തിന് പിന്നാലെ റഹാനും ഏഴു വയസുള്ള മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ ഭാര്യ രഹനയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടായിരുന്നു രഹനയുടെ മരണം. ''ഫ്‌ലൈ ഓവറിന് മുകളിലൂടെ ബൈക്ക് ഓടിച്ച സമയത്ത് പെട്ടെന്ന് ഒരു പട്ടത്തിന്റെ ചരട് റഹാനെ ചുറ്റുകയായിരുന്നു. ഒരു കൈകൊണ്ട് ചരട് അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് വാഹനം പാലത്തിന്റെ ഭിത്തിയില്‍ ശക്തമായി ഇടിക്കുകയും 70 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു'', മരണത്തിന് തൊട്ടുമുന്‍പ് രഹന പറഞ്ഞു.