കൊല്ലം: വരാതിരുന്ന ദിവസങ്ങളിലെ പാഠഭാഗം എഴുതിത്തീര്‍ത്തില്ലെന്നാരോപിച്ച് ട്യൂഷന്‍ സെന്ററിലെ പ്രധമാധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുട്ടിയുടെ കൈ അടിച്ചു പൊട്ടിച്ചതിന് പുറമെ ശരീരത്തിലുടനീളം മുറിവേറ്റ പാടുകളും ഉണ്ട്. മേവറത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ഇന്നലെ വൈകിട്ടാണു സംഭവം.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുട്ടി നാഷണല്‍ സര്‍വീസ് സ്‌കീം ക്യാംപില്‍ പങ്കെടുക്കുന്നതിനാല്‍ ടൂഷന്‍ സെന്ററില്‍ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും രണ്ട് ദിവസമായി സ്‌കൂളില്‍ വിടാതെ സെന്ററില്‍ ഇരുത്തി എഴുതിച്ചതായ് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ നോട്‌സ് എഴുതി തീര്‍ക്കാന്‍ കുട്ടിക്ക് കഴിഞ്ഞില്ല.

വൈകിട്ടു ക്ലാസില്‍ എത്തിയ പ്രിന്‍സിപ്പല്‍ നോട്‌സ് പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി. ചൂരല്‍കൊണ്ട് അടിച്ചു വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. മര്‍ദ്ദനവിവരം ട്യൂഷന്‍ സെന്റര്‍ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. മകന്റെ കയ്യില്‍ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടില്‍ കൊണ്ടുവിടുകയാണെന്നുമാണ് പറഞ്ഞത്.

കുട്ടിയെ വീട്ടില്‍ എത്തിച്ച ശേഷം സ്ഥാപന അധികൃതര്‍ പോയി. രാത്രിയില്‍ കുട്ടിയുടെ അച്ഛന്‍ എത്തിയപ്പോഴാണു മുറിവേറ്റതായി കണ്ടത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം.