പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയില്‍ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സമഗ്ര വികസന പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഡല്‍ഹിയില്‍ കൈമാറി.

ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുടെ ഏക റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയില്‍ തിരുവല്ലയില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി വിപുലമായി വികസിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ശബരിമലയോടൊപ്പം ചക്കുളത്തുകാവ്, ദക്ഷിണ തിരുപ്പതി ശ്രീവല്ലഭ ക്ഷേത്രം, പരുമല പള്ളി, മാരാമണ്‍ കണ്‍വെന്‍ഷന്‍, നിരണം പള്ളി, മലയാലപ്പുഴ ക്ഷേത്രം, എടത്വ പള്ളി എന്നിവ ഉള്‍പ്പെടെയുള്ള നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ വലിയ വരവ് കണക്കിലെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അതോടൊപ്പം, ആരോഗ്യവിദ്യാഭ്യാസ നഗരിയായി നില കൊള്ളുന്ന തിരുവല്ലയുടെ വികസനത്തില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനുള്ള പ്രാധാന്യവും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

റെയില്‍വേയുടെ ഉടമസ്ഥതയില്‍ തിരുവല്ലയില്‍ നിലവിലുള്ള വലിയ സ്ഥലവിസ്തീര്‍ണം ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, റെയില്‍വേ സ്റ്റേഷന്റെ പുറകുവശത്തുള്ള സ്ഥലങ്ങള്‍ നിലവില്‍ കൃത്യമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നതായും മന്ത്രിയെ അറിയിച്ചു.

വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ക്ക് തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും, അമൃത എക്‌സ്പ്രസിനും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും അനൂപ് ആന്റണി പ്രത്യേകമായി അഭ്യര്‍ത്ഥിച്ചു.

ഈ വിഷയങ്ങളില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി അനൂപ് ആന്റണി അറിയിച്ചു.