ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ മാല്‍ഡ ടൗണ്‍ സ്റ്റേഷനില്‍ വച്ചാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. രാത്രിയാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ട്രെയിനില്‍ 16 കോച്ചുകളുണ്ടാകും.

833 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനില്‍ വിമാനങ്ങളിലേതിനു സമാനമായ കേറ്ററിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. കുലുക്കമില്ലാത്ത യാത്ര ഉറപ്പു നല്‍കുന്നതിനൊപ്പം മികച്ച ബെര്‍ത്തുകള്‍, ഓട്ടമാറ്റിക് വാതിലുകള്‍, കവച് സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെങ്കിലും 130 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഓടുക. ഇതില്‍ ആര്‍എസി, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ഉണ്ടാകില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ.