തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ അഴിമതിയുടെ 'മെയിന്‍ സ്വിച്ച്' വിജിലന്‍സ് ഓഫ് ചെയ്തു! സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കൊള്ളയുടെ വിവരങ്ങള്‍. 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട്' എന്ന് പേരിട്ട പരിശോധനയില്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി ഇടപാടുകളുമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ സംസ്ഥാനത്തെ 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലാണ് ഒരേസമയം വിജിലന്‍സ് സംഘം ഇരച്ചുകയറിയത്.

ഡിജിറ്റല്‍ കാലത്തെ കൈക്കൂലിയും ഹൈടെക്കാണെന്ന് പരിശോധന തെളിയിച്ചു. വെറും 41 ഉദ്യോഗസ്ഥര്‍ മാത്രം കരാറുകാരില്‍ നിന്നായി 16,50,000 രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രം കൈപ്പറ്റിയതായി വിജിലന്‍സ് കണ്ടെത്തി. വര്‍ക്കലയിലും പാറശ്ശാലയിലും സബ് എന്‍ജിനീയര്‍മാര്‍ ഗൂഗിള്‍ പേ വഴി പതിനായിരങ്ങളാണ് തട്ടിയത്. തിരുവല്ലയില്‍ ഒരു ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് ഒരു കടയുടമ വഴി എത്തിയത് 1,67,000 രൂപയാണ്. ഈ കടയുടമ ഉദ്യോഗസ്ഥന്റെ ബിനാമി ഏജന്റാണെന്നാണ് വിജിലന്‍സ് നിഗമനം. കട്ടപ്പനയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ 2,35,700 രൂപയും സബ് എന്‍ജിനീയര്‍മാര്‍ നാല്‍പ്പതിനായിരത്തിലധികം രൂപയും അക്കൗണ്ട് വഴി സ്വീകരിച്ചു.

ഇ-ടെണ്ടര്‍ വഴി സുതാര്യത ഉറപ്പാക്കുന്നത് തടയാന്‍ ജോലികളെ കഷണങ്ങളാക്കി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിക്കുന്ന തന്ത്രവും ഉദ്യോഗസ്ഥര്‍ പയറ്റുന്നു. ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കുമാണ് പലയിടത്തും കരാര്‍ നല്‍കുന്നത്. തൃപ്പൂണിത്തുറയില്‍ 12 വര്‍ക്കുകള്‍ ഒരേ കരാറുകാരന് തന്നെ നല്‍കിയപ്പോള്‍ ക്വട്ടേഷനുകളിലെ കൈയക്ഷരം ഒന്നാണെന്ന് കണ്ടെത്തിയത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. മഞ്ചേരിയിലും നിലമ്പൂരിലും നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു.

അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഇനി വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. അഴിമതി കണ്ടാല്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ജനങ്ങള്‍ക്ക് വിവരം അറിയിക്കാമെന്നും വിജിലന്‍സ് വ്യക്തമാക്കി.