തിരുവനന്തപുരം: ചിന്നക്കനാലിലെ ഭൂമി ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. പൂജപ്പുര സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയായിരുന്നു നടപടി. എന്നാല്‍, 2021-ല്‍ റവന്യൂ രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് എംഎല്‍എ മൊഴി നല്‍കിയത്.

ചിന്നക്കനാലില്‍ 50 സെന്റിലധികം അധിക ഭൂമി കൈവശം വെച്ചുവെന്നും, പുറമ്പോക്ക് ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇടപാട് നടത്തിയെന്നുമാണ് വിജിലന്‍സ് ആരോപണം. ആധാരത്തില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂമി തനിക്കുണ്ടെന്ന് സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തിയതും ക്രമക്കേടിന് തെളിവാണെന്ന് വിജിലന്‍സ് കരുതുന്നു. ആധാരത്തില്‍ വില കുറച്ചു കാണിച്ചുവെന്ന ആരോപണവും എംഎല്‍എ നിഷേധിച്ചു.

അതേസമയം, റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. വിജിലന്‍സ് കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.