കല്‍പ്പറ്റ: കാര്‍ഷിക വിളകളുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ഭീമ പദ്ധതിയില്‍ കാപ്പി കൃഷി ഉള്‍പ്പെടുത്തുന്നതിന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയലിന് കത്ത് നല്‍കി. വയനാട്ടില്‍ കാപ്പി കര്‍ഷകരുമായി പ്രിയങ്ക നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാന ആവശ്യമായിരുന്നു ഇത്. പ്രതികൂല കാലാവസ്ഥയില്‍ വിളനാശം സംഭവിക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പദ്ധതിയിലൂടെ ഉറപ്പാക്കാന്‍ കഴിയും. ഇതുസംബന്ധിച്ച് മന്ത്രാലയത്തിനു കോഫി ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ട്.

ചെങ്കുത്തായ ഭൂപ്രദേശത്ത് ഡ്രിപ് ഇറിഗേഷനു നല്‍കുന്ന സബ്സിഡി പര്യാപ്തമല്ല. കാപ്പിച്ചെടികള്‍ റീ പ്ലാന്റ് ചെയ്യുന്നതിനുള്ള സബ്സിഡി ചെടികള്‍ മുഴുവനായി പിഴുതുമാറ്റുന്നതിന് മാത്രമാണ് ലഭിക്കുന്നത്. ഗ്രാഫ്റ്റിംഗ് ഉള്‍പ്പടെ പുതിയ രീതികള്‍ക്കും സബ്സിഡി നല്‍കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടതടക്കം കര്‍ഷകരുള്ള ജില്ലയില്‍ സബ്സിഡിയുടെ ഉയര്‍ന്ന പരിധി ജലസേചനത്തിനുള്‍പ്പടെ നിക്ഷേപം നടത്തുന്നതില്‍ തടസമുണ്ടാക്കുന്നുണ്ട്.

സബ്സിഡി പരിധി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ പുനര്‍നിശ്ചയിക്കണം. ഉന്നത ഗുണനിലവാരമുള്ള കാപ്പി ഉത്പാദനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ പരിഷ്‌കരിക്കണമെന്നും കത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്.