- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസംമുട്ടി ഏലൂര്‍; മലിനീകരണമില്ലെന്ന് നഗരസഭ; വായുനിലവാരം താഴേക്കെന്ന് കണക്കുകള്‍

കൊച്ചി: ഏലൂരിലെ വായുനിലവാരം 'അനാരോഗ്യകരം' എന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുമ്പോഴും, പ്രദേശത്തെ കമ്പനികളെ വെള്ളപൂശി ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൈജി സജീവന്‍. ഏലൂരിലെ ഫാക്ടറികളില്‍ നിന്നൊന്നും വായുമലിനീകരണം ഉണ്ടാകുന്നില്ലെന്നും എല്ലാ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 101-ന് മുകളില്‍ എത്തിനില്‍ക്കെയാണ് അധികൃതരുടെ ഈ വിചിത്രമായ പ്രതികരണം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എഫ്.എ.സി.ടി , ഐ.ആര്‍.ഇ.എല്‍, സംസ്ഥാന പൊതുമേഖലയിലെ ടി.സി.സി, സ്വകാര്യ കമ്പനിയായ ഹിന്‍ഡാല്‍കോ തുടങ്ങിയവയെല്ലാം കൃത്യമായ ഇടിപി പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. 'കമ്പനികളില്‍ നിന്ന് മലിനീകരണം ഉണ്ടാകുന്നതായി പരാതി ലഭിച്ചാല്‍ ഇടപെടും. എന്നാല്‍ നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം മാലിന്യ നിര്‍മാര്‍ജനം കൃത്യമായി നടക്കുന്നുണ്ട്,' ലൈജി സജീവന്‍ പ്രതികരിച്ചു.
അതേസമയം, ഏലൂര്‍ കമ്പനിപ്പടിയിലെ മലിനീകരണ തോത് പ്രദര്‍ശിപ്പിക്കേണ്ട ബോര്‍ഡ് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൈമലര്‍ത്തുന്ന സമീപനമാണ് നഗരസഭ സ്വീകരിച്ചത്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണെന്നും നഗരസഭയ്ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. വായു മലിനീകരണം മൂലം പ്രദേശവാസികള്‍ ശ്വാസംമുട്ടുമ്പോഴും രേഖകളിലെ സുതാര്യത ഉറപ്പാക്കുന്ന ബോര്‍ഡ് പോലും തെളിയാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


