കൊച്ചി ഭവന്‍സ് സ്‌കൂളിന് സമീപം സ്‌കൂളിലേക്ക് വരികയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരളില്‍ രക്തസ്രാവം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. കറുത്ത നിറത്തിലുള്ള കാറാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്. എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറാകാതെ ഡ്രൈവര്‍ കാറുമായി അതിവേഗം സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും അതില്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.

രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അപകടമുണ്ടാക്കിയ ഡ്രൈവറെ ഉടന്‍ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.