തിരുവനന്തപുരം: ദീര്‍ഘകാലം സിപിഎം നേതാവും മൂന്ന് തവണ ദേവികുളം എംഎല്‍എയുമായിരുന്ന എസ്. രാജേന്ദ്രന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. രാജേന്ദ്രനൊപ്പം ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി രാജേന്ദ്രന്‍ ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒരു മാസത്തിലേറെയായി ബിജെപി നേതൃത്വവുമായി അദ്ദേഹം നിരന്തരം ചര്‍ച്ചയിലായിരുന്നു. ബിജെപി പ്രവേശനത്തിന് പ്രത്യേക നിബന്ധനകളൊന്നും താന്‍ മുന്നോട്ടുവെച്ചിട്ടില്ലെന്ന് അംഗത്വം സ്വീകരിച്ച ശേഷം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. ഹൈറേഞ്ചിലെ ജനങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ബിജെപി അധ്യക്ഷന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആരെയും നിര്‍ബന്ധിച്ച് ബിജെപിയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് സിപിഎം സസ്‌പെന്‍ഷനിലായിരുന്ന രാജേന്ദ്രന്‍, ഏറെ നാളായി പാര്‍ട്ടി നേതൃത്വവുമായി അകന്നുനില്‍ക്കുകയായിരുന്നു.

എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശം ഇടുക്കിയിലെ തോട്ടം മേഖലയിലും രാഷ്ട്രീയ രംഗത്തും വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.