കോട്ടയം: പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച. റബര്‍ ബോര്‍ഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത രണ്ട് ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. 73 പവന്റെ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ക്വാര്‍ട്ടേഴ്‌സുകളുടെ മൂന്ന് മുറികളില്‍ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലും ആണ് കണ്ടെത്തിയത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ വന്‍ മോഷണ സംഘമാണെന്ന സംശയമാണ് ജില്ലാ പൊലീസ് മോധാവി ഷാഹുല്‍ ഹമീദ് ഉള്‍പ്പെടെ പ്രകടിപ്പിച്ചത്.

കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് സംശയിക്കുന്നുണ്ട്. സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടന്നതായാണ് പൊലീസ് പറയുന്നത്. മോഷണം നടന്ന ക്വാര്‍ട്ടേഴ്‌സില്‍ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികള്‍ക്കുമായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്. ചിലര്‍ രാവിലെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് ഉടന്‍തന്നെ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.