തിരുവനന്തപുരം: അന്തരിച്ച കാനത്തില്‍ ജമീല എംഎല്‍എക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമസഭ. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചന പ്രസംഗം നടത്തി.

കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ് കാനത്തില്‍ ജമീലയുടെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമനിര്‍മാണപരമായ കാര്യങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അവര്‍ നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനകീയ വിഷയങ്ങളില്‍ ജനപക്ഷത്തുനിന്ന് നിലപാടുകള്‍ സ്വീകരിച്ച നേതാവാണ് കാനത്തില്‍ ജമീലയെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ഭരണാധികാരി എന്ന നിലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിലകൊണ്ടു. സാധാരണക്കാരോട് ചേര്‍ന്നുനില്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും എപ്പോഴും ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സഭയില്‍ ഇന്ന് ചരമോപചാരം മാത്രമായിരിക്കും ഉണ്ടാകുക. മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച വ്യാഴാഴ്ച മുതല്‍ നടക്കും.