കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമായ സൈബര്‍ വിചാരണയില്‍ അന്വേഷണം സിബിഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന് ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. പ്രതിയായ ഷിംജിത മുസ്തഫയെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും യുവതി ഇതിനോടകം വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഷിംജിതയ്‌ക്കെതിരെ ഉടന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും ബസിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കണമെന്നുമാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ദീപക് യുവതിയോട് മോശമായി പെരുമാറിയെന്ന പ്രചാരണം തെറ്റാണെന്നും ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഹര്‍ജിയില്‍ പറയുന്നു.

അസോസിയേഷന്‍ പ്രതിനിധി രാഹുല്‍ ഈശ്വര്‍ ദീപക്കിന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബത്തിന് 3.17 ലക്ഷം രൂപയുടെ ധനസഹായം കൈമാറുകയും ചെയ്തിരുന്നു. പുരുഷന്മാര്‍ നേരിടുന്ന ഇത്തരം വ്യാജ ആരോപണങ്ങളില്‍ സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം ഒരുക്കുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതോടെ ഷിംജിത ഒളിവില്‍ പോയിരിക്കുകയാണ്.

യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂര്‍ണ്ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയ പോലീസ്, യുവതിയുടെ ഫോണ്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.